ഫ്ളാറ്റ് പൊളിക്കൽ പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന് ഐഐടി
Wednesday, September 18, 2019 12:11 AM IST
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകൾ പരിമിതമായ സമയപരിധിക്കുള്ളിൽ പൊളിച്ചു നീക്കുന്നത് പ്രായോഗികമല്ലെന്ന് ഐഐടി റിപ്പോർട്ട് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫ്ളാറ്റ് വിഷയത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെ ഇതു ദോഷകരമായി ബാധിക്കുമെന്നാണു റിപ്പോർട്ട്. സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്ളാറ്റുകൾ പൊളിച്ചു നീക്കുന്പോൾ ഈ മേഖലയിൽ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താൻ ചെന്നൈ ഐഐടിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
സമീപത്തുള്ള കെട്ടിടങ്ങളെ ഇതു ബാധിക്കും. കനാലുകൾ, ആൾത്താമസമുള്ള കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ എന്നിവയ്ക്കു ഹാനിയുണ്ടാകും.വായുമലിനീകരണം ഒരു കിലോമീറ്റർ ചുറ്റളവിലെങ്കിലുമുണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കുന്നതു വലിയ ബാധ്യതയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.സുപ്രീംകോടതി വിധി നൽകുന്ന ചില പാഠങ്ങൾ നാം കണക്കിലെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, കെ.വി. തോമസ് (കോണ്ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡോ. എം.കെ. മുനീർ (മുസ്ലിം ലീഗ്), എ.എൻ. രാധാകൃഷ്ണൻ (ബിജെപി), മോൻസ് ജോസഫ് (കേരള കോണ്ഗ്രസ്- എം), മാത്യു ടി. തോമസ് (ജനതാദൾ എസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്ഗ്രസ്- ജേക്കബ്), പി.സി. ജോർജ് (ജനപക്ഷം), ടി.പി. പീതാംബരൻ മാസ്റ്റർ (എൻസിപി), എ.എ. അസീസ് (ആർഎസ്പി), വർഗീസ് (കോണ്ഗ്രസ് എസ്), വേണുഗോപാലൻ നായർ (കേരള കോണ്ഗ്രസ്- ബി), സണ്ണി തോമസ് (ലോക് താന്ത്രിക് ജനതാദൾ), അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.