ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി രൂപീകരിച്ചു
Thursday, September 19, 2019 12:16 AM IST
കൊച്ചി: മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ന്യായമായ അവകാശങ്ങൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചതായി ഭാരവാഹികൾ.
സന്പന്നർ കൂടുതൽ സന്പന്നരാകുകയും പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന സാന്പത്തിക വ്യവസ്ഥിതി രാജ്യത്ത് അസമത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതാണെന്നു സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലകളിലെ പ്രവർത്തനം സജീവമാക്കുന്നതിനായി അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ചു. നിലവിൽ 12 ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കോന്നി ഗോപകുമാർ, മല്ലേലി ശ്രീധരൻനായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.