കോടിയേരി കഥയറിയാതെ ആട്ടം കാണുന്നു: മുല്ലപ്പള്ളി
Wednesday, October 16, 2019 12:28 AM IST
തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസ് ഉൗർജിതമായി അന്വേഷിച്ചു പ്രതികൾക്കു കർശന ശിക്ഷവാങ്ങി നൽകണമെന്ന് തുടക്കം മുതൽ താൻ പറഞ്ഞിട്ടും നിരന്തരം തന്നെ വിമർശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഥ അറിയാതെ ആട്ടം കാണുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
നിഷ്ഠുരമായ ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷവാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്തം പോലീസിനും ആഭ്യന്തര വകുപ്പിനുമുണ്ട്. കൂടത്തായി കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മൂന്നു മാസങ്ങൾക്കു മുൻപേ സർക്കാരിന്റെയും പോലീസിന്റെയും കൈയിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പു സമയത്തു പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വികസന നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത പിണറായി സർക്കാരിന്റെ ദയനീയ പ്രകടനം ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ തന്ത്രപൂർവ്വം സൃഷ്ടിച്ച പുകമറയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിൽ കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയെ വളർത്താനുള്ള അച്ചാരം വാങ്ങിയാണ് സിപിഎം സംസ്ഥാന നേതൃത്വം പ്രവർത്തിക്കുന്നത്. ലാവ്ലിൻ കേസ് തുടർച്ചയായി അവധിക്കു വയ്ക്കുന്നതുപോലും ഇതിന്റെ ഭാഗമാണ്. ഈ കേസിൽ സിബിഐ കേന്ദ്രസർക്കാരിന്റെ സമ്മർദത്തത്തുടർന്ന് കോടതിയിൽ ഒളിച്ചുകളി നടത്തുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.