മരട് ഫ്ളാറ്റ്: ബിൽഡേഴ്സ് അസോസിയേഷൻ യോഗം നാളെ കുമരകത്ത്
Thursday, October 17, 2019 12:57 AM IST
കോട്ടയം: ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് കമ്മിറ്റി ഇന്നും നാളെയും കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടക്കും. നാഷണൽ പ്രസിഡന്റ് സച്ചിൻ ചന്ദ്ര അധ്യക്ഷത വഹിക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300ൽപരം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ മന്ദഗതിയിലുള്ള വളർച്ചയുടെ കാരണങ്ങൾ ചർച്ച ചെയ്യും. കൂടാതെ മൂന്നാർ പ്രോജക്ട്, മരട് ഫ്ളാറ്റ്, പാലാരിവട്ടം പാലം എന്നിവ സംബന്ധിച്ചുള്ള ചർച്ചകളും നടക്കും.
സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട അഥോറിറ്റികളുടെയും ഉത്തരവു നേടി നിർമാണം ആരംഭിച്ച പ്രോജക്ടുകൾ പൂർത്തീകരിക്കുകയും ജനങ്ങളെ താമസിപ്പിക്കുകയും ചെയ്ത ശേഷം പൊളിച്ചു മാറ്റുന്ന പ്രവണത ശരിയല്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
നാടിന്റെ പുരോഗതിക്കു തടസമായി നിൽക്കുന്ന നിർമാണ സാമഗ്രികളുടെയും ക്ഷാമം പരിഹരിക്കണം. ചെറുകിട പാറമടകളുടെ സൗകര്യം ലഭ്യമാകാൻ നിയമനടപടി ലഘൂകരിക്കണം. സാധാരണക്കാർക്കു കുറഞ്ഞ നിരക്കിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മാത്യു അലക്സ് വെള്ളാപ്പള്ളി, സംസ്ഥാന ചെയർമാൻ പ്രിൻസ് ജോസഫ്, ആന്റണി കുന്നേൽ, ജിബു പി.മാത്യു, രാജി മാത്യു, വിനോദ് നൈനാൻ, ജോണ് പോൾ, ബോസ് ഏബ്രഹാം കുന്നേൽ, ജോഷി ചാണ്ടി, എൻ.ജെ. മാത്യു നീലേട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.