ബിഡിജെഎസ് കണ്‍വൻഷനിൽ ബിജെപിക്കു വിമർശനം
Thursday, October 17, 2019 11:26 PM IST
പൂച്ചാക്കൽ: ബിഡിജെഎസ് കണ്‍വൻഷനിൽ ബിജെപിക്കു വിമർശനം. ബിഡിജെഎസ് ആരുടെയും പോഷക സംഘടനയല്ലായെന്നു സംസ്ഥാന സെക്രട്ടറി പി.ടി. മന്മദൻ. അരൂരിൽ നടന്ന ബിഡിജെഎസ് കണ്‍വൻഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബിജെപിയുമായിട്ടല്ല കേന്ദ്രവുമായിട്ടാണ് ബിഡിജെഎസിന് സഖ്യമെന്നും വേദിയിൽ ഉണ്ടായിരുന്ന തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് തുഷാർ വെള്ളാപ്പള്ളി അരൂരിലെത്തിയത്.
കേരളത്തിലെ യോജിപ്പല്ല, കേന്ദ്രവുമായിട്ടാണ് ബിഡിജെഎസിന്റെ കരാറെന്ന് തുഷാർ പറഞ്ഞു. ബൂത്തുതലത്തിൽ എൻഡിഎ എത്തുന്നില്ല. ഈ പരാതി കേന്ദ്രത്തെ അറിയിച്ചു. ബിഡിജെഎസിന് കിട്ടേണ്ടതു തെരഞ്ഞെടുപ്പു കഴിഞ്ഞു കിട്ടുമെന്നും തുഷാർ വ്യക്തമാക്കി. അധികാരത്തിന്റെ രാഷ്ട്രീയത്തിലേക്കെത്താൻ ബിഡിജെഎസ് ആലോചിക്കണമെന്ന് തുഷാറിനെ വേദിയിലിരുത്തിക്കൊണ്ട് സംസ്ഥാന സെക്രട്ടറി പി.ടി. മന്മദൻ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവും കണ്‍വൻഷനിൽ പങ്കെടുത്തു.