മരട് വഷളാക്കിയതു സർക്കാർ വീഴ്ചയെന്നു ബിൽഡേഴ്സ് അസോസിയേഷൻ
Friday, October 18, 2019 11:57 PM IST
കോട്ടയം: മരട് ഫ്ളാറ്റ് വിഷയത്തിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ശരിയായ വിവരങ്ങൾ യഥാസമയം സമർപ്പിക്കാൻ കാണിച്ച അലംഭാവമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള കാരണമെന്നു കുമരകത്തു ചേർന്ന ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് കമ്മിറ്റി യോഗം. പാലാരിവട്ടം പാലത്തിന്റെ രൂപകല്പനയിൽ വന്ന പിഴവുകളും അതിലെ അപാകതകളും പരിഹരിക്കാൻ ചെന്നൈ ഐഐടിയിൽനിന്നു ലഭിച്ച വിദഗ്ധാഭിപ്രായം അവഗണിച്ചതും ശരിയായില്ല. പിന്നീട് കരാറുകാരൻ സ്വന്തം ചെലവിൽ വിദഗ്ധാഭിപ്രായം തേടി ഫ്ളൈ ഓവറിന്റെ 75 ശതമാനം പണികളും പൂർത്തീകരിച്ചിരിക്കുകയാണ്.
കരാറുകാരന്റെ ചെലവിൽ ബാക്കി 25 ശതമാനം പണികൾ കൂടി പൂർത്തീകരിച്ചു ലോഡ് ടെസ്റ്റിംഗ് നടത്തി പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിൽ സർക്കാരിൽ നിന്നു നൽകേണ്ട പിന്തുണ ലഭ്യമാകാത്തതു കരാറുകാരുടെ മനോവീര്യം തകർക്കുമെന്നു യോഗം വിലയിരുത്തി.
കേരളത്തിലെ നിർമാണ മേഖലയിലെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ പ്രധാന മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നു യോഗം ഉദ്ഘാടനം ചെയ്ത ദേശീയ പ്രസിഡന്റ് സച്ചിൻ ചന്ദ്ര പറഞ്ഞു. കുമരകത്തു ദേശീയ പ്രസിഡന്റ് സച്ചിൻ ചന്ദ്രയുടെ അധ്യക്ഷതിൽ ചേർന്ന യോഗം നിർമാണ മേഖലയിൽ ഇപ്പോഴുള്ള പ്രതിസന്ധികൾ വിലയിരുത്തി. വൈസ് പ്രസിഡന്റുമാരായ മാത്യു അലക്സ് വെള്ളാപ്പള്ളി, കെ.ശ്രീറാം, നിമേഷ് പട്ടേൽ, സുരോജിത്ത് സാമന്ത, ദേശീയ സെക്രട്ടറി നീരവ് പാർമർ, ട്രഷറർ പ്രദീപ് നാഗവേക്കർ, എക്സിക്യുട്ടീവ് സെക്രട്ടറി രാജു ജോണ്, കോട്ടയം സെന്റർ ചെയർമാൻ രാജി മാത്യു, സ്റ്റേറ്റ് ചെയർമാൻ പ്രിൻസ് ജോസഫ്, മുൻ സ്റ്റേറ്റ് ചെയർമാൻ ജോണ് പോൾ, കോട്ടയം സെന്റർ സെക്രട്ടറി വിനോദ് നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു.