മൂന്നു പ്രതികളെ കസ്റ്റഡിയിൽ വിട്ടു
Sunday, October 20, 2019 12:37 AM IST
മൂവാറ്റുപുഴ: തീരപരിപാല നിയമം ലംഘിച്ചു മരടിൽ ഫ്ളാറ്റ് നിർമിച്ച കേസിൽ അറസ്റ്റിലായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മൂന്നു പേരെ മൂന്നു ദിവസത്തേക്കു വിജിലൻസ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
മരട് പഞ്ചായത്ത് മുൻ സെക്രട്ടറി ആലപ്പുഴ അലി മുഹമ്മദ് റോഡിൽ പുളിമൂട്ടിൽ മുഹമ്മദ് അഷറഫ് (59), ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ഡയറക്ടർ എറണാകുളം എളമക്കര കാട്ട്രുകുടിയിൽ സാനി ഫ്രാൻസിസ് (55), മരട് പഞ്ചായത്ത് മുൻ ജൂണിയർ സൂപ്രണ്ട് ആലപ്പുഴ എഴുപുന്ന പുതുപറന്പത്ത് പി.ഇ. ജോസഫ്(65) എന്നിവരെയാണ് 22നു വൈകുന്നേരം അഞ്ചു വരെ കസ്റ്റഡിയിൽ വിട്ടു ജഡ്ജി ബി. കലാംപാഷ ഉത്തരവായത്.
കഴിഞ്ഞ 19നാണ് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശൂർ എടത്തുരുത്തി താടിക്കാരൻ ടി.എ. ടോണി മരട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസാണ് ആദ്യം കേസന്വേഷിച്ചത്. 2010 കാലയളവിൽ രേഖകളെല്ലാം കൃത്യമാണെന്നു വിശ്വസിപ്പിച്ചു പല ഗഡുക്കളിലായി 75 ലക്ഷം രൂപ കൈപ്പറ്റി മരടിൽ നിർമിച്ച എച്ച്2ഒ ഫ്ളാറ്റിലെ ഒന്നാം നിലയിലുള്ള 41-ാം ഫ്ളാറ്റ് വിൽപന നടത്തി ചതിച്ചുവെന്നായിരുന്നു പരാതി.
കഴിഞ്ഞ സെപ്റ്റംബർ 24ന് ടോണിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം ജുഡീഷൽ മജിസ്ട്രേറ്റ് കോടതി -7ൽ സമർപ്പിച്ചു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.