ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് 69.93 ശതമാനം
Wednesday, October 23, 2019 12:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. മഞ്ചേശ്വരം- 75.7 8, എറണാകുളം-57.9, അരൂർ 80.47, കോന്നി-70.07, വട്ടിയൂർക്കാവ്- 62.66 എന്നിങ്ങനെ പോളിംഗ് ശതമാനം രേഖപ്പെടുത്തി. 896 പോളിംഗ് ബൂത്തുകളിൽ ആകെയുണ്ടായിരുന്ന 9,57,509 വോട്ടർമാരിൽ 6,69,596 പേർ വോട്ടു രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരിൽ 4.96 ശതമാനവും കോന്നിയിൽ 3.12 ശതമാനവും വട്ടിയൂർക്കാവിൽ 7.17 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നു മീണ പറഞ്ഞു. വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടിനാണ് അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻ തുടങ്ങുക.
മഞ്ചേശ്വരത്ത് പൈവളികേ നഗർ സർക്കാർ എച്ച്എസിലും എറണാകുളത്ത് മഹാരാജാസ് കോളജിലും അരൂരിൽ ചേർത്തല പള്ളിപ്പുറം എൻഎസ്എസ് കോളജിലും കോന്നിയിൽ എലിയറയ്ക്കൽ അമൃത വിഎച്ച്എസ്എസിലും വട്ടിയൂർക്കാവിൽ പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലുമാണ് വോട്ടെണ്ണൽ.
ആദ്യം തപാൽ ബാലറ്റുകൾ എണ്ണും. തുടർന്ന് ഇവിഎമ്മുകൾ എണ്ണും. എല്ലാ മണ്ഡലങ്ങളിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണും. വിവിപാറ്റ് സ്ളിപ്പുകൾ എണ്ണുന്നത് പ്രത്യേക സിസിടിവി നിരീക്ഷണത്തിലായിരിക്കും. ഇവ എണ്ണുന്നത് പൂർണമായി വീഡിയോയിൽ പകർത്തുമെന്നും ടീക്കാറാം മീണ പറഞ്ഞു.