ഗൾഫ് തൊഴിൽ പ്രതിസന്ധി: വെരിഫിക്കേഷനിൽ സ്റ്റഡി സെന്ററിന്റെ പേരു നൽകും
Monday, November 11, 2019 11:18 PM IST
തിരുവനന്തപുരം: യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ തൊഴിലിനു റഗുലർ പഠനത്തിലൂടെ നേടിയ ബിരുദം നിർബന്ധമാക്കിയ സാഹചര്യത്തിൽ ബിരുദ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനിൽ കോളജുകളുടെ പേരിന്റെ സ്ഥാനത്തു സ്റ്റഡി സെന്ററുകളുടെ പേരു നൽകുമെന്നു മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ അറിയിച്ചു. ഇഗ്നോയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ സ്റ്റഡി സെന്ററുകളുടെ പേരാണു നൽകുന്നത്. ഇതേ മാതൃക കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകുന്ന ബിരുദ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തും.
യുഎഇയിലും സൗദി അറേബ്യയിലും അധ്യാപക, അക്കൗണ്ടന്റ് ജോലിക്കു റഗുലർ പഠനത്തിലൂടെ നേടിയ ബിരുദം നിർബന്ധമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി യുഎഇയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ വഴി യുഎഇ അധികൃതരുമായി ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടും അവർ വഴങ്ങിയിട്ടില്ല. സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈൻ വെരിഫിക്കേഷനായി സർവകലാശാലകൾക്കാണ് അയയ്ക്കുക.
പ്രൈവറ്റ്, വിദൂര പഠനം വഴിയുള്ള സർട്ടിഫിക്കറ്റുകളാണെങ്കിൽ അതിൽ റഗുലർ എന്നു മാർക്ക് ചെയ്താൽ അടുത്ത കോളത്തിൽ ഏതു കോളജ് എന്നു രേഖപ്പെടുത്താനാണ് ആവശ്യപ്പെടുക. വൈസ് ചാൻസലർമാരുമായി ആലോചിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാക്കും. കോളജുകളിൽ രഎഗുലർ പഠനം നടത്താത്തവരെ അധ്യാപകരായി തുടരാൻ യുഎഇ അനുവദിക്കുന്നില്ലെന്നും ഇത്തരം നിരവധി പരാതികൾ സർക്കാരിനു ലഭിച്ചെന്നും കെ.വി. അബ്ദുൾ ഖാദറിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.