മാവോയിസ്റ്റ് പ്രവർത്തനം വർധിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
Tuesday, November 12, 2019 12:37 AM IST
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ വർധിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
എന്നാൽ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്ക് ഇവരുടെ പ്രവർത്തന മേഖല വ്യാപിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന പാക്കേജ് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ ആരും കീഴടങ്ങിയിട്ടില്ല. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തകരിൽ ഭൂരിഭാഗവും കേരളത്തിനു പുറത്തുള്ളവരാണെന്നതാണു കീഴടങ്ങൽ ഉണ്ടാകാത്തതിനുള്ള പ്രധാന കാരണം.
കീഴടങ്ങുന്ന മാവോയിസ്റ്റ് പ്രവർത്തകർ അവരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തണമെന്നതും മാധ്യമങ്ങളിലൂടെ കീഴടങ്ങലിനെക്കുറിച്ചു സ്വമേധയാ പരസ്യപ്രസ്താവന നടത്തണമെന്നതും ഇതുവഴി മറ്റു മാവോയിസ്റ്റുകൾക്ക് അവരോടു വെറുപ്പുണ്ടാകാൻ കാരണമാകും എന്നതും നിലവിലെ കേസുകളിൽനിന്ന് ഇവർക്കു മുക്തരാകാൻ കഴിയുമോ എന്ന ആശങ്കയും കീഴടങ്ങലിനു തടസമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.