ബിആർക് സ്പോർട്സ് ക്വോട്ട: രണ്ടു മാസത്തിനകം ഉത്തരവിറക്കണമെന്ന് ഹൈക്കോടതി
Wednesday, November 13, 2019 11:18 PM IST
കൊച്ചി: ബിആർക് (ബാച്ലർ ഒഫ് ആർക്കിടെക്ടചറൽ എൻജിനിയറിംഗ്) കോഴ്സിന് സ്പോർട്സ് ക്വോട്ടയിൽ സീറ്റ് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുത്ത് ഉത്തരവിറക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.
മെഡിക്കൽ-എൻജിനിയറിംഗ് കോഴ്സുകൾക്കെന്നപോലെ ബി ആർക്കിനും സ്പോർട്സ് ക്വോട്ട സീറ്റുകൾ അനുവദിക്കണമെന്ന കോഴിക്കോട് ഓമശേരി സ്വദേശിയായ അരുന്ധതി രാജിന്റെ ഹർജിയിൽ ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയത്. യോഗ, ഖോ - ഖോ, സോഫ്ട്ബോൾ ഇനങ്ങളിൽ ജില്ലാ - സംസ്ഥാനതല നേട്ടങ്ങൾ സ്വന്തമാക്കിയ ഹർജിക്കാരി ബാച്ച്ലർ ഒാഫ് ആർക്കിടെക്ട് കോഴ്സിലേക്കു സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിക്കാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ സ്പോർട്സ് ക്വോട്ടയിലേക്ക് സീറ്റുകൾ മാറ്റിവച്ചിട്ടില്ലെന്നു വ്യക്തമാക്കി അപേക്ഷ നിരസിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ഈ അധ്യയന വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായതിനാൽ ഇത്തവണ ഹർജിക്കാരിയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, കാരണം വ്യക്തമാക്കാതെ ബി. ആർക്ക് കോഴ്സിൽ സ്പോർട്സ് ക്വോട്ട സീറ്റുകൾ നിഷേധിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്പോർട്സ് ക്വോട്ടയിൽ സീറ്റുകൾ നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കിയും ഉത്തരവിറക്കാനാവുമെന്നും വിധിയിൽ പറയുന്നു.