മന്ത്രിയുടെ ‘അൽപൻ’ പരാമർശത്തിൽ നിയമസഭയിൽ പ്രതിഷേധം
Wednesday, November 13, 2019 11:24 PM IST
തിരുവനന്തപുരം: മുസ്ലിംലീഗ് അംഗം കെ.എൻ.എ. ഖാദറിനെതിരെ ‘അൽപനായ രാഷ്ട്രീയക്കാരൻ’ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശം നിയമസഭയിൽ ബഹളത്തിന് കാരണമായി. മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ബില്ലിന്റെ ചർച്ചക്ക് മറുപടി നൽകവേ മന്ത്രി നടത്തിയ പരാമർശത്തിനെതിരെ പ്രതിപക്ഷവും അദ്ദേഹത്തെ അനുകൂലിച്ച് ഭരണപക്ഷാംഗങ്ങളും രംഗത്തെത്തിയതോടെയാണ് ഒച്ചപ്പാടുണ്ടായത്.
ചർച്ചയിൽ പങ്കെടുക്കവേ കെ.എൻ.എ ഖാദർ നടത്തിയ പരാമർശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വിശ്വാസികളല്ലെങ്കിലും രക്തസാക്ഷിമണ്ഡപങ്ങൾക്ക് മുന്നിൽ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കെ.എൻ.എ ഖാദർ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അൽപനായ രാഷ്ട്രീയക്കാന്റെ ആക്ഷേപങ്ങൾക്ക് പാത്രമാകേണ്ടവരല്ല ഇവിടത്തെ രക്സാക്ഷികളെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമെല്ലാം രക്തസാക്ഷികളാണ്. അവരെയെല്ലാം അപമാനിക്കുകയാണ് അംഗം ചെയ്തത്. നിയമസഭയുടെ പ്രത്യേക അവകാശം ഉപയോഗിച്ച് എന്തും പറയാമെന്ന് കരുതരുത്. രക്തസാക്ഷികകളെക്കുറിച്ചുള്ള എംഎൽഎയുടെ അഭിപ്രായത്തോട് കോണ്ഗ്രസ് യോജിക്കുന്നുവോയെന്ന് വ്യക്തമാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. കെഎൻഎ ഖാദറിനെതിരെ മന്ത്രി നടത്തിയ പരാമർശം നിയമസഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടതോടെ ബഹളമായി. തുടർന്ന് സഭ്യേതരമായ ഒരു വാക്കും രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ പറഞ്ഞതോടെ ബഹളം അവസാനിച്ചു.