വാളയാർ കേസ്: അമ്മ നൽകിയ അപ്പീലിൽ നോട്ടീസ്
Thursday, November 14, 2019 12:29 AM IST
കൊച്ചി: വാളയാറിൽ ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതേ വിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരേ പെണ്‍കുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
ഒന്‍പതു വയസുകാരിയുടെ ദുരൂഹമരണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പ്രദീപ് കുമാർ, 13 വയസുകാരി മരിച്ച കേസിലെ പ്രതി വലിയമധുവെന്ന മധു എന്നിവരെ വെറുതേ വിട്ടതിനെതിരേയാണ് അപ്പീൽ നൽകിയത്. സർക്കാരിനു പുറമേ ഈ പ്രതികൾക്കും നോട്ടീസ് നൽകാനാണു ഡിവിഷൻ ബെഞ്ച് നിർദേശം. പ്രതികളെ വെറുതേ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കി സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചു പുനർവിചാരണ നടത്തണമെന്നാണ് അപ്പീലുകളിലെ ആവശ്യം.