കെ.ആർ. നാരായണന്റെ സ്മൃതിമണ്ഡപ ഭൂമി: അപേക്ഷ ലഭിച്ചാൽ ഏറ്റെടുക്കും
Monday, November 18, 2019 10:59 PM IST
തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലാ കളക്ടർക്ക് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മോൻസ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെ.ആർ. നാരായണന്റെ പൂർണകായ പ്രതിമ സ്ഥാപിക്കാൻ ഉഴവൂർ കുരുശു പള്ളി കവലയിലെ പഞ്ചായത്തുസ്ഥലം കണ്ടെത്തിയെങ്കിലും പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മറ്റും പ്രതിമ സ്ഥാപിക്കുന്നതു സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തിൽ മറ്റൊരു സ്ഥലം കണ്ടെത്താൻ കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്കു പ്രതിമ സ്ഥാപിക്കാൻ തുടർനടപടി സ്വീകരിക്കും.