മെഡിക്കൽ സ്റ്റോർ ജീവനക്കാർ ഷെയറിട്ട് എടുത്ത ലോട്ടറിക്ക് 70 ലക്ഷം
Thursday, November 21, 2019 12:08 AM IST
ചങ്ങനാശേരി: കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ പായിപ്പാട്ടുള്ള മെഡിക്കൽ സ്റ്റോർ ജീവനക്കാരിയും സഹജീവനക്കാരനും ചേർന്നു ഷെയറിട്ട് എടുത്ത ടിക്കറ്റിന്.
പായിപ്പാട് കിഴക്കനേത്ത് മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരായ വാഴിപ്ലാക്കൽ രമാ ഉണ്ണികൃഷ്ണൻ, കുന്നന്താനം പാണ്ടിയാംകുന്നേൽ സുരേഷ്കുമാർ എന്നിവർ ചേർന്ന് എടുത്ത 21 ടിക്കറ്റിൽ എസ്എൻ 691630 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടു ടിക്കറ്റുകൾക്കു പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
ചങ്ങനാശേരി നഗരത്തിലെ ബിസ്മി ലോട്ടറിയിൽനിന്ന് സബ് ഏജന്റ് ജോസഫ് എന്നയാൾ എടുത്തു വില്പന നടത്തിയ ടിക്കറ്റുകൾക്കാണു നറുക്കുവീണത്. ഷെയറിട്ട് സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്നതായും സാന്പത്തികമായി ബുദ്ധിമുട്ടിയിരുന്ന അവസരത്തിൽ നറുക്കുവീണത് ഭാഗ്യമായെന്നും രമ പറഞ്ഞു.