സമുദ്ര സുരക്ഷ അതിപ്രധാനം: രാഷ്ട്രപതി
Thursday, November 21, 2019 12:27 AM IST
ഏഴിമല (കണ്ണൂർ): രാജ്യത്തിന്റെ സാമ്പത്തിക വികസനവും അടിസ്ഥാനസൗകര്യ വികസനവും ഉറപ്പുവരുത്തുന്നതിന് സമുദ്രസുരക്ഷ അതിപ്രധാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്നലെ രാവിലെ ഏഴിമല നാവിക അക്കാഡമിയിൽ നടന്ന ചടങ്ങിൽ സൈനിക യൂണിറ്റുകൾക്ക് രാജ്യം നൽകുന്ന ഉന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ ഏഴിമല നാവിക അക്കാഡമിക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാരാളം തീരപ്രദേശമുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ വ്യാപാര, ഊർജ ആവശ്യങ്ങളിൽ വലിയൊരു വിഭാഗം നിറവേറ്റുന്നത് സമുദ്രങ്ങളെ ആശ്രയിച്ചാണ്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ നിരവധി ഔട്ട്പോസ്റ്റുകൾ ദ്വീപുകളിലും സമുദ്രതീരങ്ങളിലുമുണ്ട്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ഏഴിമല നാവിക അക്കാഡമിയുടെ പങ്ക് നിസ്തുലമാണെന്നും രാഷ്ട്രപതി പറഞ്ഞു. പരമ്പരാഗതവും അല്ലാത്തതുമായ നിരവധി സുരക്ഷാ വെല്ലുവിളികളാണ് ഇന്നു രാജ്യം നേരിടുന്നത്. പ്രകൃതിദുരന്തമോ ക്രമസമാധാന വെല്ലുവിളിയോ നയതന്ത്ര ദൗത്യമോ എന്തുമാകട്ടെ ഇത്തരം സാഹചര്യങ്ങളിലെല്ലാം നാവികസേനയെയാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഏഴിമല നാവിക അക്കാഡമിയുടെ അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തിയതിൽ ഭാവിയിലെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിനുവേണ്ടി കൃത്യമായ നിക്ഷേപമാണു നടത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 1969ൽ കൊച്ചിയിൽ ആരംഭിച്ച നാവിക അക്കാഡമി 1986ൽ ഗോവയിലേക്കും 2009ൽ ഏഴിമലയിലേക്കും മാറ്റുകയായിരുന്നു. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമിയായി ഏഴിമല മാറിയിരിക്കുന്നു. അക്കാഡമിയുടെ മികവിനായി ആത്മാർഥമായി പ്രവർത്തിക്കുന്ന നിലവിലെ ഉദ്യോഗസ്ഥരെയും മുൻഗാമികളെയും രാഷ്ട്രപതി പ്രത്യേകം അനുമോദിച്ചു.
ഇന്നലെ രാവിലെ ഏഴിമലയിലെ അക്കാഡമി ആസ്ഥാനത്ത് കേഡറ്റുകളുടെ പരേഡിനുശേഷമായിരുന്നു പുരസ്കാര സമർപ്പണം. പട്ടിൽ തയാറാക്കിയ പ്രത്യേക പതാകയായ പ്രസിഡന്റ്സ് കളർ രാഷ്ട്രപതിയിൽനിന്ന് അക്കാഡമി കേഡറ്റ് ക്യാപ്റ്റൻ സുശീൽ സിംഗ് ഏറ്റുവാങ്ങി. പ്രത്യേക തപാൽ കവറും രാഷ്ട്രപതി പുറത്തിറക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, മന്ത്രി കടന്നപ്പള്ളി രാമചന്ദൻ, വൈസ് അഡ്മിറൽ എ.കെ. ചൗള, മറ്റ് നാവികസേനാ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1969ൽ സ്ഥാപിതമായ ഇന്ത്യൻ നാവിക അക്കാഡമിക്ക് സുവർണജൂബിലി വർഷത്തിലാണ് ഈ ബഹുമതി ലഭിച്ചത്.
പി.ടി. പ്രദീഷ്