ഓൺലൈൻ തട്ടിപ്പ്: പ്രധാനി ജാർഖണ്ഡിൽ പിടിയിൽ
Sunday, December 8, 2019 12:43 AM IST
പെരുമ്പാവൂർ: വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രമുഖനെ പെരുമ്പാവൂർ പോലീസ് ജാർഖണ്ഡിൽനിന്നു പിടികൂടി. ജാർഖണ്ഡിലെ ദേവ്ഗർ ജില്ലയിലെ പാലാജോരി സ്വദേശി ഫാറൂഖ് അൻസാരി (25) യെയാണ് പിടികൂടിയത്.
വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ഗൂഗിളിൽ സേർച്ച് ചെയ്തു കിട്ടിയ വ്യാജ കസ്റ്റമർ കെയർ കോൾ സെന്റർ നമ്പറിലേക്ക് വിളിച്ച പെരുമ്പാവൂർ സ്വദേശിയുടെ 1,15,000 രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് ഫാറൂഖ് എന്നു പോലീസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ആറു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ പിടികൂടാനായത്. സായുധസേനയുടെ പിൻബലത്താൽ പുലർച്ചെ വീട് വളഞ്ഞാണു പ്രതിയെ കീഴ്പ്പെടുത്തിയത്.
ഈ സമയം പ്രതി പത്തോളം മൊബൈൽ ഫോണുകളുമായി തൊഴിലിൽ വ്യാപൃതനായിരുന്നു. പെരുമ്പാവൂർ സിഐ പി.എ. ഫൈസൽ, പോലീസുകാരായ സുനിൽ, സുബൈർ, റൂറൽ ജില്ലാ സൈബർ സെൽ വിദഗ്ധൻ ഡെൽജിത്ത് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനായ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസിന്റെ (യുപിഐ) സാങ്കേതികത്വം അറിയാത്തവരുടെ അജ്ഞത മുതലെടുത്താണ് തട്ടിപ്പ്. യുപിഐ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ട രഹസ്യകോഡുകൾ കൈമാറാൻ ബാങ്കുകൾ അനുവദിച്ചിട്ടുള്ള ഒരു മിനിറ്റിനും മൂന്നു മിനിറ്റിനും ഇടയിലുള്ള സമയം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് സംഘങ്ങൾ ഇരകളെ വലയിലാക്കുന്നത്.
പശ്ചിമബംഗാളിലെ കോൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററുകളുടെ യഥാർഥ ഉറവിടം ജാർഖണ്ഡിലെ മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സൈബർ ഗ്രാമങ്ങളിലാണ്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങൾക്കു തുല്യമാണിത്.
ആധാർ നമ്പർ ഉപയോഗിച്ച് പുതിയ മൊബൈൽ കണക്ഷനുകൾ എടുക്കുന്ന നിരക്ഷരരായ സാധാരണക്കാരെ വിരലടയാളം പതിഞ്ഞിട്ടില്ലെന്നു വിശ്വസിപ്പിച്ച് പലവട്ടം വിരലടയാളം പതിപ്പിച്ച് ആ ഐഡി പ്രൂഫ് ഉപയോഗിച്ച് കണക്ഷനുകൾ സംഘടിപ്പിച്ചാണു കോൾ സെന്റർ നമ്പറുകളായി ഉപയോഗിക്കുന്നത്.
നമ്പർ പിന്തുടർന്ന് എത്തിച്ചേരുന്നതു സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത ഏതെങ്കിലും സാധാരണ വീട്ടമ്മയിലായിരിക്കുമെന്നതിനാൽ ഇത്തരം തട്ടിപ്പുകാരെ വലയിലാക്കുകയെന്നത് അതീവ ദുഷ്കരമാണെന്നു പോലീസ് പറഞ്ഞു.