മജിസ്ട്രേറ്റിനെതിരേ പ്രതിഷേധം: ബാർ അസോസിയേഷൻ മാപ്പ് പറഞ്ഞു
Tuesday, December 10, 2019 12:47 AM IST
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനന്റെ ജോലി തടസപ്പെടുത്തുകയും പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാർ അസോസിയേഷൻ മാപ്പ് പറഞ്ഞു. ഇതുസംബന്ധിച്ച് സെഷൻസ് ജഡ്ജിക്ക് കത്ത് നൽകി.
മജിസ്ട്രേറ്റിന്റെ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പ് എഴുതി നൽകിയത്. ഇതു സംബന്ധിച്ച് ബാർ കൗണ്‍സിൽ വാർത്താക്കുറിപ്പിറക്കി.
ജില്ലാ ജഡ്ജി ഒത്തുതീർപ്പിനായി യോഗംവിളിച്ചു ചേർത്തിരുന്നു. ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
സംഭവത്തിൽ 12 അഭിഭാഷകർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ പരാതിയിൽ ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവരടക്കമുള്ളവർക്കെതിരേയാണ് കേസെടുത്തത്. മജിസ്ട്രേറ്റിനെ തടഞ്ഞു, ജോലി തടസപ്പെടുത്തി, കോടതിയിലും ചേംബറിലും പ്രതിഷേധിച്ചു തുടങ്ങിയവയാണ് കുറ്റങ്ങൾ. അഭിഭാഷകരുടെ പ്രതിഷേധം സംബന്ധിച്ച് സംഭവം നടന്ന നവംബർ 27 നുതന്നെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന് (സിജെഎം) റിപ്പോർട്ട് നൽകിയിരുന്നു.