ആലപ്പുഴയിൽ കർഷകരക്ഷാ സംഗമവും മാർച്ചും നാളെ
Sunday, December 15, 2019 1:00 AM IST
ആലപ്പുഴ: കർഷക അവഗണനയ്ക്കെതിരെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കർഷകരക്ഷാ സംഗമവും കളക്ടറേറ്റ് മാർച്ചും നടക്കും. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ മഹാസംഗമം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്യും.
സിവിൽ സപ്ലൈസ് എടുത്ത നെല്ലിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുക, പിആർ ആർഎസ് പ്രകാരമുള്ള തുക ബാങ്ക് വായ്പയായി കണക്കാക്കി കർഷകരിൽനിന്നു പലിശ ഈടാക്കുന്ന നടപടി തിരുത്തുക, കുട്ടനാട്ടിലെ തോടുകളിലെയും ജലാശയങ്ങളിലെയും ചെളിനീക്കുക, എസി കനാൽ പള്ളാത്തുരുത്തി വരെ പൂർണമായി തുറക്കുക, റബർ സംഭരണവില 250 രൂപയാക്കി ഉയർത്തുക, നിലം-പുരയിടം, തോട്ടം-പുരയിടം വേർതിരിവിലെ അപാകത പരിഹരിക്കുക, കർഷക പെൻഷൻ പതിനായിരമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകസംഗമം.