മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം
                        
                        
                        
                        
                        
                            
                                
                                Thursday, January 16, 2020 11:37 PM IST
                            
                            
                         
                        
                            തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിൽ 2021ലെ പ്രവേശനത്തിന് അപേക്ഷിക്കാം.  പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും.  ആൺകുട്ടികൾക്കാണ് പ്രവേശനം.  ജനുവരി 2021ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസാകുകയോ വേണം.  02.01.2008 നു മുമ്പോ 01.07.2009 നു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല.  2020 ജനുവരി ഒന്നിന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസിനും 13 വയസിനും ഉള്ളിലായിരിക്കണം.  അഡ്മിഷൻ നേടിയതിനുശേഷം ജനനത്തീയതിയിൽ മാറ്റം അനുവദിക്കില്ല.
 
 പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും വിവരങ്ങളും മുൻവർഷ ചോദ്യപേപ്പറുകളും ലഭിക്കാൻ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം.  ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ്സി/ എസ്ടി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും.  അപേക്ഷ ലഭിക്കുന്നതിന് ദി കമൻഡാന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ, ഡെറാഡൂൺ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന ഡി.ഡി കത്ത് സഹിതം ദി കമൻഡാന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം.  ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www. rimc.gov.in ൽ ലഭ്യമാണ്.  
 
 കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകർ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 31ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയയ്ക്കണം.  അപേക്ഷയോടൊപ്പം അപേക്ഷാഫോമിന്റെ രണ്ട് കോപ്പി, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ജനനസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,  സ്ഥിരതാമസം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ്,  കുട്ടി നിലവിൽ പഠിക്കുന്ന സ്കൂളിലെ മേലധികാരി അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി സാക്ഷ്യപ്പെടുത്തിയ കത്ത്, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ് എന്നിവയും അയയ്ക്കണം.