കെസിവൈഎം സെനറ്റ്: വാർഷിക സമ്മേളനം ആന്പല്ലൂരിൽ
Thursday, January 16, 2020 11:40 PM IST
കോട്ടയം: കെസിവൈഎമ്മിന്റെ 42-ാമത് വാർഷിക സെനറ്റ് സമ്മേളനത്തിന് ഇന്നു തൃശൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ ആന്പല്ലൂർ സ്പിരിച്ച്വൽ ആനിമേഷൻ സെന്ററിൽ തുടക്കം കുറിക്കും.
സെനറ്റ് സമ്മേളനം തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ക്രിസ്തുദാസ്, കെസിബിസി സെക്രട്ടറി ജനറൽ ജോസഫ് മാർ തോമസ്, തൃശൂർ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തുടങ്ങിയവർ പ്രസംഗിക്കും.
32 രൂപതകളിൽനിന്നായി 250ഓളം യുവജനങ്ങൾ പങ്കെടുക്കുന്ന സെനറ്റ് സമ്മേളനത്തിൽ 2019 വർഷത്തെ രൂപത, സംസ്ഥാനതല റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെടും. പ്രസ്ഥാനം ഇടപെടേണ്ട സാമൂഹിക വിഷയങ്ങളെക്കുറിച്ചും പുതിയ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചകളും നടത്തപ്പെടും.
2020 വർഷത്തേക്കുള്ള പുതിയ സംസ്ഥാനസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും സെനറ്റ് സമ്മേളനത്തിൽ നടക്കുമെന്നു സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നീണ്ടു നില്ക്കുന്ന സെനറ്റ് സമ്മേളനം ഞായറാഴ്ച അവസാനിക്കും.