സര്‍ക്കാരിന്റെ മദ്യനയം അപകടകരം: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്
Friday, January 17, 2020 12:08 AM IST
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം അപകടകരമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന് സംസ്ഥാന ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. പാലാരിവട്ടം പിഒസിയില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല ഉന്നതാധികാര യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
നാടുനീളെ മദ്യ ഷാപ്പുകള്‍ തുറക്കാന്‍ അനുവാദം നല്കുന്ന ഇടതു സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ ഭാഗിക മദ്യനിരോധനം അട്ടിമറിച്ചു. അടച്ചുപൂട്ടിയ ഷാപ്പുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും ുസര്ക്കാര് തുറന്നു. പബ്ബുകളും ബ്രൂവറികളും നൈറ്റ് ക്ലബുകളും ആരംഭിക്കാനുള്ള നീക്കം നടത്തുന്നു. എല്ലാമാസവും ഒന്നാം തീയതി ഉണ്ടായിരുന്ന മദ്യവിലക്കുപോലും എടുത്തുകളയാന്‍ ഈ സര്‍ക്കാര്‍ ആലോചിക്കുന്നു. കര്‍ഷകരക്ഷയുടെ പേരില്‍ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്ന പഴവര്‍ഗ-വാറ്റു കേന്ദ്രങ്ങള്‍ പോലും ആരംഭിക്കാന്‍ സര്‍ക്കാര്‍ തുനിയുന്നു. മനുഷ്യജീവനു വില കല്പിക്കുന്ന ഏവരും ഈ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതാണെന്നും ബിഷപ് പറഞ്ഞു.
മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. ദേവസി പന്തലൂക്കാരന്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ. ജോസ് പുത്തന്‍ചിറ, യോഹന്നാന് ആന്റണി, ആന്റണി ജേക്കബ് ചാവറ, സിസ്റ്റര്‍ റോസ്മിന്‍, തോമസുകുട്ടി മണക്കുന്നേല്‍, രാജന് ഉറുമ്പില്‍, ഷിബു കാച്ചപ്പിള്ളി, തങ്കച്ചന് വെളിയില്‍, ജോസ് ചെമ്പിശേരി, ബെനഡിക്ട് ക്രിസോസ്റ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമിതിയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ തൃശൂര്‍ ഡിബിസിഎല്‍സി ഓഡിറ്റോറിയത്തില്‍ നടക്കും.