ആർച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ദൈവദാസ പദവി പ്രഖ്യാപനം 21ന്
Friday, January 17, 2020 12:08 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടികൾക്കു തുടക്കംകുറിച്ചു ദൈവദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങ് അദ്ദേഹത്തിന്റെ അന്‍പതാം ചരമവാർഷികദിനമായ 21നു നടക്കും. ദൈവദാസന്റെ കബറിടമുള്ള എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വൈകുന്നേരം അഞ്ചിന് കൃതജ്ഞതാബലിമധ്യേ, മുഖ്യകാർമികൻ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ പ്രഖ്യാപനം നടത്തും.
അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനുള്ള വത്തിക്കാന്റെ അനുമതിപത്രം (നിഹിൽ ഒബ്സ്താത്) വായിക്കും. തുടർന്ന് മുഖ്യകാർമികൻ ദൈവദാസപ്രഖ്യാപനം നടത്തും. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സുവിശേഷ പ്രഘോഷണം നടത്തും. ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, കണ്ണൂർ ബിഷപ് ഡോ. അലകസ് വടക്കുംതല, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ എന്നിവർ സഹകാർമികത്വം വഹിക്കും.
ദൈവദാസന്റെ ഛായാചിത്രം ആർച്ച്ബിഷപ് ഡോ. കളത്തിപ്പറന്പിൽ അനാച്ഛാദനം ചെയ്യും. തിരുക്കർമങ്ങളുടെ സമാപനത്തിൽ ഛായാചിത്രം ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന സ്മൃതിമന്ദിരത്തിലേക്കു പ്രദക്ഷിണമായെത്തിച്ചു പ്രതിഷ്ഠിക്കും.
ദൈവദാസന്റെ മാതൃ ഇടവകയായ കുരിശിങ്കൽ ക്രൂസ് മിലാഗ്രിസ് പള്ളിയിൽനിന്നു വികാരി ഫാ. ആന്റണി ചെറിയകടവിലിന്റെയും കെസിവൈഎം അതിരൂപതാ ഡയറക്ടർ ഫാ. ഷിനോജ് റാഫേൽ ആറാഞ്ചേരിയുടെയും നേതൃത്വത്തിൽ യുവാക്കൾ നയിക്കുന്ന ദീപശിഖാ, ഛായാചിത്ര പ്രയാണം വൈകുന്നേരം 4.15നു കത്തീഡ്രലിൽ എത്തും. ഓച്ചന്തുരുത്ത്, ചെറായി, പറവൂർ, ചേരാനല്ലൂർ കണ്ടെയ്നർ റോഡ് വഴിയാണു പ്രയാണം എത്തുന്നത്.
കപ്പുച്ചിൻ സന്ന്യാസ സമൂഹാംഗമായ ഫാ. ആൻഡ്രൂസ് അലക്സാണ്ടറാണു നാമകരണത്തിനായുള്ള ട്രൈബ്യൂണലിന്റെ പോസ്റ്റുലേറ്റർ. ചരിത്രപരമായ വിശദപഠനങ്ങൾക്കായുള്ള സമിതി അംഗങ്ങളും മറ്റും ട്രൈബ്യൂണലിന്റെ ഭാഗമാകുമെന്നു ദൈവദാസ പ്രഖ്യാപന ചടങ്ങിന്റെ ജനറൽ കണ്‍വീനർ മോണ്‍. ജോസഫ് പടിയാരംപറന്പിൽ, പോസ്റ്റുലേറ്റർ ഫാ. ആൻഡ്രൂസ് അലക്സാണ്ടർ, ജെക്കോബി, അതിരൂപത പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.