രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയമായി ഗവർണർ നിലപാടു സ്വീകരിക്കുന്നു : എ. വിജയരാഘവൻ
Friday, January 17, 2020 12:10 AM IST
തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനു പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാടു സ്വീകരിക്കുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ. ഗവർണറുടെ നിലപാടുകൾ വിചിത്രമാണ്. ജനാധിപത്യപരമായി നിലവിൽ വന്ന സർക്കാർ നയങ്ങളുടെ അടിസ്ഥാനത്തിലാണു മുന്നോട്ടുപോകുന്നത്.
സ്വന്തം രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ സംസ്ഥാന ഗവർണർക്കു ഭരണഘടന അധികാരം നൽകുന്നില്ല. ഇക്കാര്യം വിസ്മരിച്ചാണ് സർക്കാർ നടപടികളെ ഗവർണർ എതിർക്കുന്നതെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ ആയുധമായി ഗവർണർ അധഃപതിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
സർക്കാരിന്റെ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ് അടിയന്തര സാഹചര്യത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടിവരുന്നത്. നിയമപരമായ പോരായ്മയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിനു പകരം തർക്കം ഉന്നയിക്കുന്നതും പരസ്യവിവാദം സൃഷ്ടിക്കുന്നതും ഗവർണർ പദവിക്ക് ചേർന്നതല്ല.
സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരമൊരു സമീപനം കേരളത്തിൽ ഇതിനു മുന്‍പ് ഒരു ഗവർണറും സ്വീകരിച്ചിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.