സന്നിധാനത്തു ഭക്തജനത്തിരക്ക്; അയ്യപ്പഭക്തർക്കു ദർശനം 20 വരെ
Saturday, January 18, 2020 12:05 AM IST
ശബരിമല: മകരവിളക്കിനു ശേഷവും ശബരിമല സന്നിധാനത്തു ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ പുലർച്ചെ നട തുറക്കുന്പോഴും തീർഥാടകരുടെ ക്യൂ നടപ്പന്തൽ പിന്നിട്ടിരുന്നു. പൊങ്കൽ ആഘോഷത്തിനു ശേഷം തമിഴ്നാട്ടിൽനിന്നുള്ള ഭക്തരുടെ ഗണ്യമായ വർധനവാണ് അനുഭവപ്പെടുന്നത്. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരും ദർശനത്തിന് എത്തുന്നുണ്ട്. 20ന് ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്നതോടെ മണ്ഡല മകരവിളക്ക് കാലത്തെ ഭക്തർക്കായുള്ള ദർശനം അവസാനിക്കും. 21ന് രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം.
19ന് രാവിലെ 9.30തോടു കൂടി നെയ്യഭിഷേകം അവസാനിക്കും. തുടർന്ന് കളഭാഭിഷേകം നടക്കും. ചടങ്ങുകളുടെ ഭാഗമായി പന്തളം രാജപ്രതിനിധി ഉത്രംനാൾ പ്രദീപ് കുമാർ വർമ ഇന്നലെ ശബരിമലയിലെത്തി. തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പന്തളത്തുനിന്നു പുറപ്പെട്ട രാജപ്രതിനിധി പന്പയിൽ തങ്ങിയശേഷം ഇന്നലെയാണു മല കയറിയത്. പരന്പരാഗത ചടങ്ങുകളോടെ രാജപ്രതിനിധിയെ സന്നിധാനത്തു സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ശബരിമലയിൽ നടക്കുന്ന ചടങ്ങുകൾ രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ്.