മോദിയുടെ ശിഷ്യനായി ഗവർണർ മാറി: സുധീരൻ
Saturday, January 18, 2020 12:05 AM IST
തൃശൂർ: ഭരണഘടനയുടെ കാവൽക്കാരനായി മാറേണ്ട കേരളത്തിലെ ഗവർണർ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ശിഷ്യനായി മാറിയിരിക്കയാണെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ടൗണ്‍ഹാളിൽ സമകാലീന രാഷ്ട്രീയവും ഇന്ത്യൻ ഭരണഘടനയ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർക്കു മോദിയെയും അമിത്ഷായെയും തൃപ്തിപ്പെടുത്താൻ മാത്രമേ കഴിയൂ. കേരളത്തിലെ ജനങ്ങളെല്ലാം ഗവർണർക്കെതിരാണെന്നതാണു സത്യം. പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിലപാട് ഭരണഘടനയോടു കാണിക്കുന്ന അനാദരവാണെന്നു സുധീരൻ പറഞ്ഞു. സമരം നിർത്തി വരണമെന്ന നിലപാടിനോടു യോജിക്കാനാകില്ല. ഈ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുന്ന സുപ്രീം കോടതി അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്നും സുധീരൻ തുറന്നടിച്ചു.
ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ ബി.സി. ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.കെ. ബീരാൻ, ജനറൽ സെക്രട്ടറി കെ. വിക്രമൻനായർ, ജനറൽ കണ്‍വീനർ കെ.ബി. ജയറാം, ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, എൻ.കെ. ബെന്നി തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ, സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ പതാക ഉയർത്തി.