ഗവർണർ കേന്ദ്രത്തിന് ഒത്താശ ചെയ്യുന്നു: കപിൽ സിബൽ
Sunday, January 19, 2020 12:15 AM IST
പെരിന്തൽമണ്ണ: കേരള നിയമസഭയെ മറികടന്നു ഗവർണർ കേന്ദ്ര സർക്കാരിനു ഒത്താശ ചെയ്യുകയാണെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് കപിൽ സിബൽ. സംസ്ഥാനത്തിന്റെ ഭരണ നിർവഹണ കാര്യങ്ങളിൽ ഗവർണർക്ക് ഒരു പങ്കും നിർവഹിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഭരണഘടന വായിക്കണമെന്നും കപിൽ സിബൽ പറഞ്ഞു.
പെരിന്തൽമണ്ണയ്ക്കടുത്തു പട്ടിക്കാട് ജാമിഅനൂരിയ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ജൂണിയർ കോണ്ക്ലേവ് സെഷൻ ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ആരെയും കേൾക്കാൻ തയാറാകുന്നില്ല. ഹിറ്റ്ലറുടെ അജൻഡയാണ് മോദി സർക്കാർ നടപ്പാക്കുന്നത്. യൂണിവേഴ്സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയിരിക്കുന്നു. പോലീസ്, മീഡിയ, ജുഡീഷറി, തുടങ്ങി എല്ലാ ഭരണഘടന സംവിധാനത്തെയും നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ സംവിധാനം ആർക്കും നശിപ്പിക്കാനാകില്ല. ഞാനും ഒരു അഭയാർഥിയാണ്. എന്റെ പിതാവ് പാക്കിസ്ഥാനിൽ നിന്നു കുടിയേറിയ വ്യക്തിയാണ്. രേഖയൊന്നും ആർക്കും കണ്ടെത്താൻ കഴിയില്ല. പ്രതേകിച്ച് ഒരുപാട് വർഷങ്ങൾക്കു മുമ്പുള്ളത്. അതുകൊണ്ടാണ് ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ കുടുംബത്തിനു പൗരത്വം ലഭിക്കാതിരുന്നത്. ഇന്ത്യൻ പട്ടാളക്കാരനായിരുന്ന സനാഉല്ലയുടെ കുടുംബത്തിനും സംഭവിച്ചത് ഇതുതന്നെ. പ്രധാനമന്ത്രിയും സർക്കാരും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. രാജ്യമാണ് പ്രധാനം. പാർട്ടിയല്ല. ഭരണഘടയാണ് മാതൃക, പ്രകടന പത്രികയല്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.