സെൻസെസിലെ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ല; കളക്ടർമാരെ സംരക്ഷിക്കാൻ ചോദ്യം ഒഴിവാക്കില്ല
Monday, January 20, 2020 11:34 PM IST
തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പുമായി സംസ്ഥാനം പൂർണമായി സഹകരിക്കുമെങ്കിലും സെൻസസ് നടപടിയുടെ ഭാഗമായി ജനങ്ങളിൽ നിന്ന് വിവരം ശേഖരിക്കാനുള്ള ഫോമിലെ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ലെന്നു ആവശ്യപ്പെടും. രണ്ടു ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്ന പൊതുജനങ്ങളോട് ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചു. മാതാപിതാക്കളുടെ ജനനസ്ഥലം, അവരുടെ ജനനത്തീയതി എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഉദ്യോഗസ്ഥർ ആരാഞ്ഞാലും മറുപടി നൽകേണ്ടതില്ലെന്നാണ് ആവശ്യപ്പെടുക.
എന്നാൽ വിവരം ശേഖരിക്കാനുള്ള ഫോമിൽ നിന്ന് ഈ ചോദ്യങ്ങൾ ഒഴിവാക്കില്ല. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരായ ജില്ലാകളക്ടർമാർ വഴിയാണു കേന്ദ്ര സർക്കാർ സെൻസസ് നടപ്പാക്കുക. ചോദ്യം ഒഴിവാക്കി നൽകിയാൽ കളക്ടർമാരേയും ചീഫ് സെക്രട്ടറിയേയും ഇത് ഒൗദ്യോഗിക തലത്തിൽ ബാധിക്കും. അതിനാൽ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.
എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെങ്കിൽ വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കാനാവില്ല. ഭാവിയിൽ ഏതെങ്കിലും ആനുകൂല്യങ്ങൾക്ക് അത്തരം വിവരം നൽകാതിരിക്കുന്നത് തടസമായാൽ അപ്പോൾ സംസ്ഥാന സർക്കാരിന് ഇടപെടാനാകുമെന്നും മന്ത്രിസഭ വിലയിരുത്തി.