തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
Tuesday, January 21, 2020 12:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പൽ കോർപറേഷനുകൾ എന്നിവിടങ്ങളിലെ കരട് വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ആകെ 2,51,58,205 വോട്ടർമാരുണ്ട്. അവയിൽ 1,20,82,390 പുരുഷൻമാർ, 1,30,75,725 സ്ത്രീകൾ, 115 ട്രാൻസ്ജൻഡേഴ്സ് എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും. കമ്മീഷന്റെ വെബ്സൈറ്റ് www.lsgelection.kerala.gov.in ലും ലഭ്യമാണ്.
2020 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാവുന്നതാണ്. പേര് ഉൾപ്പെടുത്തുന്നതിനും തിരുത്തൽ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ, വാർഡ് മാറ്റത്തിനുമുള്ള ഓണ്‍ലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in എന്ന സൈറ്റിലാണ് സമർപ്പിക്കേണ്ടത്.
സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 1,95,51,294 വോട്ടർമാരും മുനിസിപ്പാലിറ്റികളിൽ 33,16,742 വോട്ടർമാരും കോർപറേഷനുകളിൽ 22,90,194 വോട്ടർമാരുമാണുള്ളത്.