ഡോ.ബി. വസന്തൻ നിര്യാതനായി
Friday, January 24, 2020 11:51 PM IST
കാഞ്ഞങ്ങാട്: ആന്ധ്രാ ബാങ്ക് മുൻ ചെയർമാനും വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ വെള്ളിക്കോത്ത് സ്വദേശി ഡോ.ബി. വസന്തൻ (വസന്ത ഷേണായി-75) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ആറു വർഷത്തോളമായി ചികിത്സയിലായിരുന്നു. മംഗളൂരു കദ്രി ടെമ്പിൾ റോഡിലെ ദേവ് പ്ലാസ അപ്പാർട്ട്മെന്റിലായിരുന്നു താമസം.
വെള്ളിക്കോത്തെ പരേതരായ പുരുഷോത്തം ഷേണായിയുടെയും നേത്രാവതിയുടെയും മകനാണ്. ഭാര്യ: അരുണ. മക്കൾ: അഞ്ജു (ബംഗളൂരു), ശ്രീകാന്ത് (ഹോങ്കോംഗ്), മരുമകൾ: സീമ (ഹോങ്കോംഗ്). സഹോദരങ്ങൾ: ഗോപാൽ ഷേണായ് (വെള്ളിക്കോത്ത്), പരേതരായ അനന്തപത്മനാഭ ഷേണായ്, ഹരി ഷേണായ്.
കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ, കാസർഗോഡ് ഗവ. കോളജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1968 ലാണ് ഇദ്ദേഹം സിൻഡിക്കറ്റ് ബാങ്ക് കാഞ്ഞങ്ങാട് ശാഖയിൽ ഓഫീസറായി ചുമതലയേറ്റത്. പിന്നീട് ജനറൽ മാനേജരായി.
1998-ൽ ആന്ധ്ര ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി. 2000-ൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി. 2003-ൽ ഇവിടെനിന്നു പിരിഞ്ഞു. പിന്നീട് മൂന്നുവർഷം ബാങ്ക് ഓഫ് ഒമാന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചു. ബാങ്കിംഗ് രംഗത്തെ സേവനങ്ങളെ മുൻനിർത്തി 2002-ൽ തിരുപ്പതി വെങ്കടേശ്വര യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.