അഡ്വ. എ.വി. ജോർജ് നിയമത്തിന്റെ മർമം അറിഞ്ഞ പ്രതിഭ
Thursday, February 20, 2020 11:39 PM IST
കോട്ടയം: സിവിൽ നിയമങ്ങളുടെ നൂലാമാലകൾ ഇഴകീറി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത വിദഗ്ധനായിരുന്നു അഡ്വ. എ.വി. ജോർജ്. അഭിഭാഷക ജീവിതത്തിനൊപ്പം തന്നെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ ഇടപെടാനും അദ്ദേഹം എന്നും സന്നദ്ധനായിരുന്നു.
തികഞ്ഞ സഭാ സ്നേഹിയായിരുന്നു ഇന്നലെ അന്തരിച്ച പ്രമുഖ നിയമജ്ഞനും അഭിഭാഷകനുമായിരുന്ന അഡ്വ. എ.വി. ജോർജ്. അരനൂറ്റാണ്ടോളം കോട്ടയം ബാറിലും ഇതര കോടതികളിലും ഇദ്ദേഹം നിറഞ്ഞുനിന്നു. കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപതകൾക്ക് നിയമ ഉപദേശം നല്‍കാനും സഭാ സംബന്ധമായ കേസുകളിൽ കോടതികളിൽ ഹാജരാകാനും അദ്ദേഹം സമയം കണ്ടെത്തി. ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി നാലു പതിറ്റാണ്ടോളം ഉപദേശകനായിരുന്നു. സീറോ മലബാർ സഭയിലെ മാത്രമല്ല, ഇതര ക്രൈസ്തവ സഭകളിലെയും നിയമ കാര്യങ്ങളിൽ ഉപദേശം നല്കാൻ ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനായിരിക്കെ അയ്മനം ഐക്കരച്ചിറ മേഖലയിലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. 15 വർഷം പഞ്ചായത്ത് അംഗവുമായിരുന്നു.
ഐക്കരച്ചിറ സെന്റ് ജോർജ് ഇടവകയിലെ പാരിഷ് കൗണ്‍സിൽ അംഗവും തികഞ്ഞ സഹകാരിയുമായിരുന്നു അഡ്വ. ജോർജെന്ന് വികാരി ഫാ. ജേക്കബ് ചീരംവേലി പറഞ്ഞു. ചങ്ങനാശേരി എസ്ബി കോളജിന്റെ ഉപദേശകസമിതി അംഗമെന്ന നിലയിൽ കോളജിന്റെ വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഏറെക്കാലമായി അതിരൂപത പാസ്റ്ററൽ കൗണ്‍സിലിലെ അംഗവും സ്ഥിരം ക്ഷണിതാവുമാണ്. ബാങ്കിംഗ് മേഖലയിലെ നിയമവശങ്ങൾ കൈകാര്യം ചെയ്യുന്നതിലും വലിയ പ്രാപ്തിയുണ്ടായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ നാലു പ്രധാന ബാങ്കുകളുടെ കേസുകൾ കൈകാര്യം ചെയ്തിരുന്നു. കാനൻ നിയമവും സിവിൽ നിയമവും ആഴത്തിൽ പഠിച്ചു സങ്കീർണമായ പല വിഷയങ്ങളിലും കത്തോലിക്ക സഭയ്ക്കു പരിരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിച്ച അഭിഭാഷകനാണ് എ.വി. ജോർജെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു.