പിഎസ്സി നിയമന തട്ടിപ്പുകേന്ദ്രമായി: കെ. സുരേന്ദ്രൻ
Tuesday, February 25, 2020 12:52 AM IST
തിരുവനന്തപുരം: നിയമനതട്ടിപ്പു കേന്ദ്രമായി പിഎസ്സി മാറിയെന്നും നിലവിലുള്ള പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഓരോ ദിവസവും പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നു. ഇത് ഉദ്യോഗാർഥികളെ കടുത്ത ആശങ്കയിലേക്കാണു തള്ളിവിടുന്നതെന്നു കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പിഎസ്സി ചെയർമാനും അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ നടത്തുന്ന പരിശീലന കേന്ദ്രമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്നത്.പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലുൾപ്പെടെ പിഎസ്സി ചോദ്യം ചോർന്നതിനു പിന്നിൽ ആരാണെന്നു കണ്ടതാണ്. എസ്എഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം എവിടെയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.പിഎസ്സി പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടു. സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണിപ്പോൾ.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ്. പിഎസ്സി ചെയർമാനെ പുറത്താക്കുകയും സമഗ്രമായ അഴിച്ചുപണി നടത്തുകയും വേണം. അഴിമതിക്കാരെ പുറത്തു കൊണ്ടുവരാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ തന്നെയാണു പ്രതികൾ-സുരേന്ദ്രൻ കുറ്റപ്പെടുത്തി.