വീണ്ടും കർണാടക തടഞ്ഞു; ചികിത്സകിട്ടാതെ സ്ത്രീ മരിച്ചു
Monday, March 30, 2020 12:31 AM IST
കാസർഗോഡ്: കർണാടക അതിർത്തിയിൽ പോലീസ് ആംബുലൻസ് തടഞ്ഞതോടെ കാസർഗോട്ടുനിന്നുള്ള രോഗി ചികിത്സ കിട്ടാതെ മരിച്ചു. കർണാടക ബണ്ട്വാൾ സ്വദേശിനി ഫാത്തിമ (പാത്തുഞ്ഞി-70) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഫാത്തിമ മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയത്. തലപ്പാടി ടോൾ ഗേറ്റിൽനിന്ന് ഒന്നരകിലോമീറ്റർ മാത്രമാണ് ഫാത്തിമ താമസിക്കുന്ന വീട്ടിലേക്കുള്ളത്. ശനിയാഴ്ച വൈകുന്നേരം 6.45ന് ഫാത്തിമയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് ബന്ധുക്കൾ ആംബുലൻസ് വിളിക്കുകയും മംഗളൂരുവിലെ ദെർളക്കട്ട ആശുപത്രിയിലേയ്ക്ക് പുറപ്പെടുകയും ചെയ്തു.
എന്നാൽ, തലപ്പാടിയിൽ കർണാടക പോലീസ് ആംബുലൻസ് തടഞ്ഞു. കർണാടക സ്വദേശിനി തന്നെയാണ് വണ്ടിയിലുള്ളതെന്ന് പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് ആംബുലൻസ് ഡ്രൈവർ അസ്ലം കുഞ്ചത്തൂർ കെദുമ്പാടിവഴി അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പിന്നീട് സ്വകാര്യവ്യക്തികളുടെ റോഡിലൂടെ പോകാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികളിൽ ചിലർ എതിർത്തു. തുടർന്ന് രാത്രി എട്ടോടെ തിരികെ വീട്ടിലെത്തി. ഇന്നലെ രാവിലെ ആറോടെ ഫാത്തിമ മരിക്കുകയായിരുന്നു.