മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം
Saturday, April 4, 2020 11:40 PM IST
നെടുന്പാശേരി: വിദേശത്തുനിന്നു നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളോടു വിമാനത്താവളത്തിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ അനാദരവ് കാട്ടിയതായി ആക്ഷേപം. എല്ലാവിധ രേഖകളുമുണ്ടായിട്ടും മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാൻ അനാവശ്യ കാലതാമസം സൃഷ്ടിക്കുകയും ബന്ധുക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആക്ഷേപം.
കഴിഞ്ഞ ബുധനാഴ്ചയാണ് വിവിധ രോഗങ്ങൾ മൂലം മരണമടഞ്ഞ നാലു പ്രവാസികളുടെ മൃതദേഹങ്ങൾ എമിരേറ്റ്സ് വിമാനത്തിൽ നെടുന്പാശേരിയിൽ എത്തിച്ചത്. ഗൾഫിലേക്കു പച്ചക്കറികൾ കൊണ്ടുപോകാൻ കൊച്ചിയിലേക്കു വരികയായിരുന്ന വിമാനത്തിൽ മൃതദേഹങ്ങൾ എത്തിക്കുകയായിരുന്നു. സർക്കാർ സഹായങ്ങൾ ഒന്നും തേടാതെ പ്രവാസി സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമഫലമായാണ് ലോക്ക് ഡൗണ്‍ സമയത്തും പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായത്.
ദിവസങ്ങളോളം ദുബായിലെ ഓഫീസുകളിൽ കയറിയിറങ്ങിയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള അനുമതി നേടിയത്. മൃതദേഹങ്ങളും അനുബന്ധസാമഗ്രികളും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റും ഇവരുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ എല്ലാ കടന്പകളും കടന്നു സ്വന്തം നാട്ടിൽ എത്തിയപ്പോഴുണ്ടായ അനുഭവം ഏറെ ദുഃഖകരമായിരുന്നെന്നു പ്രവാസി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.