കോവിഡ് പ്രതിരോധം: കേരളത്തിന് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം
Sunday, April 5, 2020 12:42 AM IST
മലപ്പുറം: കോവിഡ്-19 വ്യാപനം ചെറുക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ അഭിനന്ദനം. ഫോണിൽ ബന്ധപ്പെട്ടാണ് ഓം ബിർള അഭിനന്ദനം അറിയിച്ചതെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.
ലോകത്താകെ 206 രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ് ബാധ ആഗോളതലത്തിൽ വെല്ലുവിളിയുയർത്തുമ്പോഴാണ് കേരളത്തിലെ മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ ജനുവരി 30നാണ് റിപ്പോർട്ട്ചെയ്തത്. വൈറസ് ബാധിച്ചവരെ ചികിത്സിച്ചു ഭേദമാക്കുക, പുതിയ വ്യാപന സാധ്യതകൾ ഇല്ലാതാക്കുക എന്നതാണ് സർക്കാർ സമീപനം. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ലോക്സഭാ സ്പീക്കർ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ചത്.