തടവുകാർക്കു പരോളിനു ശിപാർശ
Thursday, April 9, 2020 10:39 PM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിലുള്ള 60 വയസിനു മുകളിൽ പ്രായമുള്ള പുരുഷ തടവുകാ൪ക്കും 50 നുമുകളിൽ പ്രായമുള്ള സ്ത്രീകൾക്കും 45 ദിവസത്തെ പരോൾ അനുവദിക്കാമെന്നു ജയിൽ മേധാവി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു ശിപാർശ നൽകി. മുതിർന്ന പൗരന്മാ൪ക്ക് ഒന്നര മാസത്തെ പരോൾ നൽകിയാൽ 108 പേ൪ക്കു പ്രയോജനം കിട്ടും.
കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കുന്നതിനായി ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതു പരിഗണിക്കണമെന്ന നിർദേശം ഉയ൪ന്നതിന്റെ അടിസ്ഥാനത്തിലാണിത്.
പരോളിൽ പുറത്തുള്ള തടവുകാർ ലോക്ക്ഡൗൺ കാലാവധി അവസാനിച്ച ശേഷം ഏപ്രിൽ 15നു മടങ്ങി യെത്താനായിരുന്നു നിർദേശം. എന്നാൽ, ഏപ്രിൽ 30നു ശേഷം മടങ്ങിയെത്താനാണ് ഇപ്പോൾ ജയിൽ മേധാവി ആവശ്യപ്പെട്ടിട്ടുള്ളത്.
105 പേരാണ് പരോളിലുള്ളത്. ചെറിയ ശിക്ഷാ കാലയളവിൽ സെൻട്രൽ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കണമെന്ന ശിപാർശയും ജയിൽ ഡിജിപി മുന്നോട്ടുവച്ചിട്ടുണ്ട്.