എം.പി. വീരേന്ദ്രകുമാര്‍ പരസ്യമേഖലയ്ക്ക് ശക്തിപകര്‍ന്ന ബഹുമുഖപ്രതിഭ: കെ3എ
Saturday, May 30, 2020 12:15 AM IST
കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്റെ പ്രാരംഭഘട്ടം മുതല്‍ പരസ്യമേഖലയ്ക്കും പരസ്യ ഏജന്‍സികള്‍ക്കും ശക്തിപകര്‍ന്ന ബഹുമുഖപ്രതിഭയായിരുന്നു എം.പി. വീരേന്ദ്രകുമാര്‍ എന്ന് കെ3എ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില അനുസ്മരിച്ചു. എം.പി. വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തോടനുബന്ധിച്ച് നടന്ന അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈനിലൂടെയാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെ സാധ്യതകളിലും അതിലൂടെ മാധ്യമരംഗത്ത് പുതുമകള്‍ കൊണ്ടുവരുന്നതിലും തൽപരനായിരുന്നു അദ്ദേഹമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കാലത്ത് പരസ്യ ഏജന്‍സികള്‍ക്ക് അദ്ദേഹം നല്കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ യോഗത്തില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും സര്‍ഗാത്മകമായ ഒരു പരിപാടി സംഘടിപ്പിക്കാനും കെ3എ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി രാജു മേനോന്, ട്രഷറര്‍ രാമപ്രസാദ്, സംസ്ഥാന സമിതി അംഗങ്ങള്‍, സോണ്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.