സിപിഎം പോലീസും കോടതിയുമാണെന്നു വനിതാ കമ്മീഷൻ അധ്യക്ഷ
Saturday, June 6, 2020 1:28 AM IST
തിരുവനന്തപുരം: സ്ത്രീ പീഡന പരാതികളിൽ കർശനമായ നടപടിയെടുക്കുന്ന പാർട്ടിയാണു സിപിഎമ്മെന്നും പാർട്ടിയെന്നാൽ കോടതിയും പോലീസുമാണെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. പാർട്ടിക്കുള്ളിൽ തന്നെ ഉയർന്ന സ്ത്രീ വിരുദ്ധ വിഷയങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ച പാർട്ടിയാണു സിപിഎം. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിലും ഇത്തരം വിഷയങ്ങളിൽ താൻ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അവർപറഞ്ഞു.
നേതാക്കൾ പ്രതികളാകുന്ന കേസിൽ കമ്മീഷന്റെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണു എം.സി.ജോസഫൈന്റെ പ്രതികരണം.
പി.കെ.ശശി എംഎൽഎയ് ക്കെതിരേ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്നു പറഞ്ഞു. അതുകൊണ്ടാണു വനിതാ കമ്മീഷൻ കൂടുതൽ നടപടികളിലേയ്ക്കു കടക്കാതിരുന്നത്. പിന്നീടു എ. വിജയരാഘവനുമായി ബന്ധപ്പെട്ടുള്ള പരാതി ഉയർന്നപ്പോഴും വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ താൻ പ്രതികരിച്ചിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.