കേരളത്തിലേത് സ്വജന പക്ഷപാതത്തിനു പേരുകേട്ട സർക്കാർ: മുല്ലപ്പള്ളി
Tuesday, June 30, 2020 11:57 PM IST
തിരുവനന്തപുരം: സ്വജന പക്ഷപാതത്തിനു പേരുകേട്ട മുഖ്യമന്ത്രിയും സർക്കാരുമാണു കേരളത്തിലേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബാലാവകാശ കമ്മീഷനിലെ രാഷ്ട്രീയ നിയമനത്തിനെതിരേ ജവഹർ ബാലജനവേദി നടത്തുന്ന തുടർസമരങ്ങളുടെ ഭാഗമായി രമ്യഹരിദാസ് എംപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്കെതിരായ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വർധിക്കുന്ന ഇക്കാലത്ത് ബാലാവകാശ കമ്മീഷന്റെ പ്രാധാന്യം വളരെ വലുതാണ്. യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപന്മാരെ വരെ ഒഴിവാക്കിയാണ് സിപിഎം അനുഭാവിയെ ബാലാവകാശ കമ്മീഷൻ ചെയർമാനായി കേരള സർക്കാർ നിയമിച്ചത്. ഇത് അധാർമികതയാണെന്നു മുല്ലപ്പള്ളി പറഞ്ഞു.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ജവഹർബാലജന വേദി സംസ്ഥാന ചെയർമാൻ ഡോ.ജി.വി. ഹരി അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെപിസിസി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി തന്പാനൂർ രവി, പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വി.എസ്. ശിവകുമാർ എംഎൽഎ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.