സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം; ഹെസുമായി ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്നു ഗതാഗത സെക്രട്ടറി
Saturday, July 4, 2020 12:55 AM IST
തിരുവനന്തപുരം: സ്വിറ്റ്സർലൻഡ്് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെസ് കന്പനിയുമായി ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള സംയുക്ത സംരംഭത്തിന് ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ.
ഇതുസംബന്ധിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് ജ്യോതിലാലിന്റെ വിശദീകരണം. പരിസ്ഥിതി സൗഹൃദ ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ഉത്പാദനവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ മേഖലയിൽ നിക്ഷേപം നടത്താൻ ഹെസ് കന്പനി താത്പര്യം പ്രകടിപിച്ചിരുന്നു.
ഇതിന്റെ തുടർ നടപടിയായി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് സ്വിസ് ചലഞ്ച് മാതൃകയിൽ 2019 ജൂണ്‍ പത്തിന് ഇ ടെൻഡർ ക്ഷണിച്ചു. മറ്റൊരുകന്പനിയും നിക്ഷേപത്തിനു വന്നില്ല. 2019 ജൂണ്‍ 29നും 30നും കൊച്ചിയിൽ നടന്ന കേരള ഇലക്ട്രിക് മൊബിലിറ്റി എക്സ്പോയിൽ ഹെസ് മാനേജിംഗ് ഡയറക്ടർ, കേരളാ ഓട്ടോമൊബൈൽസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടർക്കും ധാരണാപത്രത്തിന്റെ കരട് സമർപ്പിച്ചു. ജൂണ്‍ 30 ന് കരട് ധാരണാപത്രം ഗതാഗത വകുപ്പിന് കൈമാറിയെന്നും ഗതാഗത സെക്രട്ടറി അറിയിച്ചു.