പോലീസുകാരുടെ അനാവശ്യ യാത്രകൾക്ക് ഡിജിപി നിയന്ത്രണം ഏർപ്പെടുത്തി
Sunday, July 5, 2020 1:03 AM IST
തിരുവനന്തപുരം: പോലീസുകാരുടെ അനാവശ്യ യാത്രകൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണു പോലീസുകാരുടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിജിപി നിർദേശം നൽകിയത്.
ഡ്യൂട്ടി സ്ഥലത്തുനിന്നു പോലീസുകാർ നേരേ വീട്ടിലേക്കു പോകണം. ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളും സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം. ജോലി നോക്കുന്പോൾ സുരക്ഷാ മാനദണ്ഡം കർശനമായി പാലിക്കണം.
കണ്ടെയ്ൻമെന്റ് സോണിൽ ജോലി നോക്കുന്ന പോലീസുകാർ ഡ്യൂട്ടി കഴിഞ്ഞാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും നിർദേശത്തിലുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ ജോലി നോക്കിയ തിരുവനന്തപുരം നന്ദാവനം എആർ ക്യാന്പിലെ പോലീസുകാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധം പുലർത്തിയ 28 പോലീസുകാരെ ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്.