വൈകി നടത്തിയ പരിശോധനയിൽ ആശങ്കയുമായി യുവാവ്
Monday, July 13, 2020 12:55 AM IST
ആലപ്പുഴ: വിദേശത്തു നിന്നെത്തിയ യുവാവിന് ക്വാറന്റൈനിൽ കഴിഞ്ഞ സമയത്ത് സ്രവ പരിശോധന നടത്തിയില്ലെന്നും വീട്ടിലെത്തി പിറ്റേന്ന് നടത്തിയ പരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കു ശേഷമാണ് അറിയിച്ചതെന്നും പരാതി. ജില്ലയിൽ പലയിടത്തും ഇത്തരത്തിലാണ് സമീപനമെന്നും പൊതുവേ ആക്ഷേപമുയരുന്നുണ്ട്. സ്രവം പരിശോധനയ്ക്കെടുക്കാൻ കാലതാമസമുണ്ടാകുന്നതും പരിശോധിച്ചാൽ ഫലം താമസിച്ചു നല്കുന്നതും സംബന്ധിച്ച് കൂടുതൽ പരാതികളും ഉയരുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയ രോഗി മറ്റുള്ളവരുമായി ഇടപഴകാൻ ഇതു അവസരമൊരുക്കുന്നുണ്ടെന്നാണ് ആക്ഷേപം.
ആലപ്പുഴ ജില്ലയിലെ വടക്കൻ മേഖലയിലെ ഒരു പഞ്ചായത്തിലുൾപ്പെട്ട പ്രദേശത്തുള്ള യുവാവ് ജൂണ് 19നായിരുന്നു ദുബായിയിൽ നിന്നെത്തിയത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു വീട്ടിൽ ഒറ്റയ്ക്കായിരുന്നു ക്വാറന്റൈനിൽ കഴിഞ്ഞിരുന്നതും. ഈ സമയങ്ങളിൽ ആരോഗ്യപ്രവർത്തകർ എല്ലാ ദിവസവും വിളിച്ചിരുന്നെങ്കിലും സ്രവ പരിശോധന നടത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റ് നടത്തുമോയെന്ന ചോദ്യത്തിന് ഇതുവരെ പറഞ്ഞിട്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഒടുവിൽ 16 ദിവസത്തിനുശേഷം ആരോഗ്യപ്രവർത്തകരുടെ കൂടി അനുമതിയോടെ, വാർഡ് മെംബറെ അറിയിച്ചശേഷം സ്വന്തം വീട്ടിലേക്ക് വന്നു. അറുപതു വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളും പത്തിൽ താഴെ പ്രായമുള്ള രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം കഴിയുന്ന വീട്ടിലേക്കായിരുന്നു എത്തിയത്. കഴിഞ്ഞ നാലിന് വീട്ടിലെത്തിയ ഇദ്ദേഹത്തോട് അഞ്ചിനു സ്രവപരിശോധന നടത്തണമെന്നു പറയുകയും പിറ്റേന്ന് അതു ചെയ്യുകയും ചെയ്തു.
പോസിറ്റീവ് ആണെങ്കിൽ മാത്രമേ അറിയിക്കുകയുള്ളൂ എന്ന മറുപടിയും കിട്ടി. ഇതിനു ശേഷം ഒരാഴ്ച പിന്നിട്ട് കഴിഞ്ഞ ദിവസമാണ് താങ്കളുടെ ഫലം നെഗറ്റീവ് അല്ലെന്ന അറിയിപ്പ് നല്കിയത്. സ്വന്തം വീട്ടിലും പുറത്തേക്കിറങ്ങാതെയാണ് ഈ കാലയളവിൽ കഴിഞ്ഞിരുന്നതും. ഇന്നലെ പുലർച്ചെയോടെയാണ് ആശുപത്രിയിലെത്തിച്ചതും. അതേസമയം വീട്ടിലുള്ളവരുടെ സന്പർക്കകാര്യങ്ങൾ അന്വേഷിച്ചതല്ലാതെ അവരുടെ സ്രവ പരിശോധനയെ പറ്റി ഒന്നും വ്യക്തമാക്കിയിട്ടുമില്ല.