പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു
Monday, August 3, 2020 12:16 AM IST
പറവൂർ: ആനച്ചാൽ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പിൽക്കടവിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. കൈതാരം നെടുന്പറന്പത്ത് വിദ്യാധരന്റെ മകൻ അഖിൽ (23), പെരുന്പടന്ന ശിവക്ഷേത്രത്തിനു സമീപം അരിച്ചട്ടിപറന്പിൽ അശോകന്റെ മകൻ അഖിൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
ഇരുവരും സുഹൃത്തുക്കളായ മനയ്ക്കപ്പടി സ്വദേശികളായ ഷിജുസണ്, സാൽവിൻ എന്നിവരോടൊപ്പമാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. നാലുപേരും ഒഴുക്കിൽപ്പെട്ടു. ഷിജുസണും സാൽവിനും ചീലവലക്കുറ്റിയിൽ പിടിച്ച് രക്ഷപ്പെട്ടു. ഇതിനുമുന്പും ഇവർ ഇവിടെ കുളിക്കാൻ എത്തിയിരുന്നു. തോട്ടിൽനിന്നു മണ്ണ് നീക്കം ചെയ്തിരുന്നതിനാൽ അടിയൊഴുക്ക് കൂടുതലായിരുന്നു. അടുത്ത് ആൾ താമസമില്ലാത്തതിനാൽ അപകടം നാട്ടുകാർ അറിഞ്ഞത് വൈകിയാണ്.
പറവൂരിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടു പേരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.