പെട്ടിമുടിക്കു കണ്ണീരായി കുഞ്ഞു ധനുഷ്കയും കളിക്കൂട്ടുകാരി ‘കുവി’യും
Friday, August 14, 2020 11:41 PM IST
അടിമാലി: ഏഴു ദിവസമായി ഊണും ഉറക്കവുമില്ലാതെ കുഞ്ഞു ധനുഷ്കയുടെ പ്രിയപ്പെട്ട നായ കുവി അലമുറിയിട്ടു നടക്കുകയായിരുന്നു. പെട്ടിമുടി ദുരന്തത്തിൽ കാണാതായ തന്റെ പ്രിയ കളിക്കൂട്ടുകാരിക്കുവേണ്ടിയായിരുന്നു ആ അലച്ചിൽ.
അവസാനം ഇന്നലെ അവൾ തന്നെ അവളെ കണ്ടെത്തി രക്ഷാപ്രവർത്തർക്കു കാട്ടിക്കൊടുത്തു. രാവിലെ 11-ഓടെയാണു പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പോലീസും പെട്ടിമുടിയില്‍നിന്ന് നാലു കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്കിലാണ് തെരച്ചില്‍ നടത്തിയിരുന്നത്. ഇതിനു സമീപമുള്ള പാലത്തിന് അടിവശത്തായിരുന്നു രണ്ടുവയസുള്ള അവളുടെ മൃതദേഹം കിടന്നിരുന്നത്.
നായ രാവിലെമുതല്‍ ഈ പ്രദേശത്തു ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. പുഴയില്‍ നോക്കിനില്ക്കുന്ന നായയെകണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തെരച്ചില്‍ നടത്തിയതോടെയാണു മൃതദേഹം കണ്ടെത്തിയത്. മുത്തശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത്. അച്ഛന് പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയേയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയെ കണ്ടെത്തിയതിനുശേഷവും കുവി അവിടെനിന്നു ഇതുവരെയും മാറിയിട്ടില്ല.