ചർച്ച ചെയ്യാൻ വിഷയങ്ങളേറെ, ഇടതുമുന്നണി യോഗം നാളെ
Thursday, September 17, 2020 12:26 AM IST
തിരുവനന്തപുരം: വിവാദങ്ങളിൽപ്പെട്ടുഴലുന്ന സർക്കാരിനു പ്രതിരോധം തീർക്കാനുള്ള മാർഗങ്ങൾ ആലോചിക്കാൻ നാളെ ഇടതുമുന്നണി യോഗം ചേരും. സ്വർണക്കടത്തു കേസിൽ തുടങ്ങിയ വിവാദം ഇപ്പോൾ സംസ്ഥാന മന്ത്രിമാരുടെ പേരിൽവരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽക്കൂടിയാണു യോഗം ചേരുന്നത്. ഭരണത്തിന്റെ അവസാന മാസങ്ങളിൽ ഉണ്ടായ വിവാദങ്ങൾ സർക്കാരിനും ഇടതുമുന്നണിക്കും വലിയ ക്ഷീണമുണ്ടാക്കിയെന്നു സിപിഎംതന്നെ വിലയിരുത്തുന്നു. സിപിഐക്കും വിവാദങ്ങളിൽ അമർഷമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതൃപ്തികളെല്ലാം മാറ്റിവച്ചു സർക്കാരിനൊപ്പം നിൽക്കുക എന്നതുതന്നെയാണു സിപിഐയുടെ നിലപാട്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റു ചോദ്യം ചെയ്തതും മന്ത്രി ഇ.പി. ജയരാജന്റെ മകനു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധവും സർക്കാരിനെ രാഷ്ട്രീയമായി പ്രതിസന്ധയിലാക്കിയിരിക്കുകയാണ്. യുഡിഎഫും ബിജെപിയും വിഷയം രാഷ്ട്രീയായുധമാക്കി സമരവുമായി തെരുവിലാണ്. ഇപ്പോൾ സ്വപ്നയുമായി മറ്റൊരു മന്ത്രിക്കു കൂടി ബന്ധമുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇങ്ങനെ ദിനവും സർക്കാരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുന്നതിൽ ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കും അതൃപ്തിയുണ്ട്. എന്നാൽ വിവാദങ്ങളിൽ ചർച്ച നടത്തി കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്ന ധാരണയാണു പൊതുവേ പാർട്ടികൾ സ്വീകരിച്ചിരിക്കുന്നത്.
നാളെ ചേരുന്ന ഇടതുമുന്നണി യോഗം നിലവിലെ വിവാദങ്ങൾ ചർച്ച ചെയുമെങ്കിലും ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടു സ്വീകരിക്കാനേ സാധ്യതയുള്ളൂ. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള പരിപാടികൾ ഇടതുമുന്നണി ചർച്ച ചെയ്തു തീരുമാനിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള കാര്യങ്ങളാകും യോഗത്തിന്റെ പ്രധാന അജണ്ട.