ജലീലിനെ ചോദ്യംചെയ്യൽ: ആളിക്കത്തി പ്രതിഷേധം; രാജിയില്ലെന്നു ഭരണപക്ഷം
Friday, September 18, 2020 12:19 AM IST
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്ന വാർത്ത പുറത്തുവന്നതോടെ സംസ്ഥാനത്തെന്പാടും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ആളിക്കത്തി. മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം പല സ്ഥലങ്ങളിലും സംഘർഷത്തിലും ഏറ്റുമുട്ടലിലും ലാത്തിച്ചാർജിലും കലാശിച്ചു. എന്നാൽ മന്ത്രിയുടെ രാജി ആവശ്യം തള്ളിയ ഭരണപക്ഷം ജലീലിനു പ്രതിരോധമൊരുക്കി രംഗത്തെത്തി.
രാവിലെ തന്നെ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ പ്രതിപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറി. പാലക്കാട് പ്രതിഷേധത്തിൽ പങ്കെടുത്ത വി.ടി. ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. എറണാകുളത്ത് ചോദ്യം ചെയ്യൽ നടന്ന എൻഐഎ ഓഫീസിനു സമീപത്തും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ നേതാക്കളും ജലീലിന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി.
എന്നാൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന നിലപാടുമായി എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ, മന്ത്രി എ.കെ. ബാലൻ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ രംഗത്തു വന്നു. ജലീലിനെതിരേ കേസെടുത്താൽ പോലും രാജി വയ്ക്കില്ലെന്നു ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജലീലിനു പിന്തുണയുമായെത്തി. അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിന്റെ പേരിൽ ഏതെങ്കിലും മന്ത്രി രാജി വച്ച ചരിത്രമുണ്ടോ എന്നായിരുന്നു കാനത്തിന്റെ ചോദ്യം. കോടതി വിധിയുടെയും കോടതി പരാമർശങ്ങളുടെയും പേരിലാണ് ഇതിനു മുന്പ് രാജി ഉണ്ടായിട്ടുള്ളതെന്നും കാനം പറഞ്ഞു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ മാത്രമാണ് മന്ത്രി ജലീലിനെ വിളിച്ചു വരുത്തിയതെന്നാണ് സിപിഎം മുന്നോട്ടു വയ്ക്കുന്ന ന്യായം. ആരെങ്കിലും അന്വേഷണ ഏജൻസികൾക്കു പരാതി അയച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ചോദിച്ചറിയുന്ന നിസാര നടപടിക്രമം എന്ന നിലയിലാണ് അവർ ചോദ്യം ചെയ്യലിനെ വ്യാഖ്യാനിക്കുന്നത്.
എന്നാൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുന്ന എൻഐഎ ഒരു മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനെ നിസാരവത്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷം പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പിന്നാലെയാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ. ജലീലിനു രാജിയല്ലാതെ മറ്റു മാർഗമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവരും ജലീലിന്റെ രാജി ആവശ്യപ്പെട്ടു. എന്നാൽ ജലീൽ രാജി വയ്ക്കേണ്ട ഒരു ആവശ്യവുമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ഇവിടെ രാഷ്ട്രീയ ധാർമികതയുടെ ഒരു വിഷയവും ഉദിക്കുന്നില്ലെന്നും ജലീൽ കുറ്റക്കാരനാണെന്നു താൻ കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.