സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങൾ; സര്‍ക്കാര്‍ നടപടിയെടുക്കുമെന്നു പ്രതീക്ഷ: ഹൈക്കോടതി
Saturday, September 19, 2020 12:47 AM IST
കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൈക്കോടതി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ സമരം നടത്തുന്നതിനു വിലക്കുണ്ടായിട്ടും സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ പെരുകുകയാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.
കോവിഡ് കാലത്തെ സമരങ്ങള്‍ തടഞ്ഞുകൊണ്ട് ഹൈക്കോടതി നല്കിയ ഉത്തരവു പാലിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ് കൈമാറിയിട്ടും ഇതു ലംഘിച്ച് സമരങ്ങള്‍ തുടരുകയാണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.