പുതിയ കാർഷിക സംരംഭങ്ങൾക്ക് വായ്പാ സൗകര്യം
Saturday, September 19, 2020 12:47 AM IST
തിരുവനന്തപുരം: പുതിയ കാർഷിക സംരംഭകർക്ക് കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരം വായ്പ നൽകുന്നു. കർഷകർ, കർഷക ഉത്പാദന സംഘടനകൾ (എഫ്പി ഓ), പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, മാർക്കറ്റിംഗ് സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും.
മാർക്കറ്റിംഗ് പ്ലാറ്റ്ഫോം, പ്രൈമറി പ്രോസസിംഗ് സെന്ററുകൾ, വെയർഹൗസുകൾ, സി ലോസ്, പാക്ക് ഹൗസുകൾ, അസെയിംഗ് യൂണിറ്റുകൾ, സോർട്ടിംഗ് ഗ്രേഡിംഗ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സപ്ലെചെയിൻ സേവനങ്ങൾ പോലുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണ് സഹായം ലഭിക്കുക. agriinfra.dac. gov.in എന്ന വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ നൽകി ലോഗിൻ ഐഡി രൂപപ്പെടുത്തിയാൽ സംരംഭകർക്ക് നേരിട്ട് അപേക്ഷിക്കാം. വിശദമായ റിപ്പോർട്ടും അപ്ലോഡ് ചെയ്യേണ്ടതാണ്.
രണ്ടുകോടി രൂപവരെ സംരംഭകർക്ക് ഈട് നൽകേണ്ട ആവശ്യമില്ല എന്നതാണ് സവിശേഷത. മാത്രമല്ല ക്രെഡിറ്റ് ഇൻസെൻറ്റീവ് സ്കീം പ്രകാരം മൂന്ന് ശതമാനം പലിശ സബ്സിഡി ലഭിക്കും. നിലവിൽ തെരഞ്ഞെടുത്ത ബാങ്കുകൾ വഴിയാകും വായ്പ ലഭ്യമാവുക.