പുനരൈക്യ നവതി ആഘോഷം ഇന്നു സമാപിക്കും
Monday, September 21, 2020 12:58 AM IST
പുന്നമൂട് (മാവേലിക്കര ): മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങൾക്ക് ഇന്നു സമാപനം. രാവിലെ എട്ടിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും.
കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്യും. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആമുഖസന്ദേശം നൽകും പൗരസ്ത്യതിരുസംഘം അധ്യക്ഷൻ കർദിനാൾ ലിയനാർഡോ സാന്ദ്രി, മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. ജാംബസ്ത്തീത്ത ഡിക്വാത്രോ, കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്, കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് എന്നിവർ പങ്കെടുക്കും.
ഇന്നലെ വിവിധ സഭകളുടെ അധ്യക്ഷ്യന്മാർ പങ്കെടുത്ത എക്യുമെനിക്കൽ സമ്മേളനം നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓണ്‍ലൈനായിട്ടാണ് സമ്മേളനംസംഘടിപ്പിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷതവഹിച്ചു.
മാർത്തോമ്മ സഭാ അധ്യക്ഷൻ ജോസഫ്മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് അലക്സിയോസ് മാർ യൗസേബിയോസ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സിഎസ്ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ് ധർമരാജ് റസാലം,കേരള ക്രിസ്ത്യൻ കൗണ്‍സിൽ പ്രസിഡന്റ് ബിഷപ് ജോർജ് ഉമ്മൻ, പുനലൂർ രൂപത ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, പുനരൈക്യ നവതി ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി ഫാ. ബനഡിക്ട് കുര്യൻ പെരുമുറ്റത്ത് എന്നിവർ പങ്കെടുത്തു.