മക്കളുടെ ചികിത്സാ ചെലവിനായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മ
Tuesday, September 22, 2020 1:18 AM IST
കൊച്ചി: വഴിയോരത്ത് ഉയര്‍ത്തിവച്ച ബോര്‍ഡില്‍ "ഫോര്‍ സെയില്‍’എന്ന തലക്കെട്ടിനു താഴെ ഒരമ്മയുടെ ഹൃദയമടക്കമുള്ള അവയവങ്ങൾ വില്പനയ്ക്ക് എന്നെഴുതി വച്ച് ഒരു കുടുംബം. മക്കളെ ചികിത്സിക്കാനും കടം വീട്ടാനും ഇതല്ലാതെ വേറെ വഴിയില്ലെന്നു തൊട്ടടുത്തിരുന്ന് ആ അമ്മയുടെ നിലവിളിയും!
വരാപ്പുഴയിലെ വാടകവീടു വിട്ടിറങ്ങി കണ്ടെയ്നര്‍ റോഡില്‍ മുളവുകാട് ഭാഗത്തെ റോഡരികിലാണു ശാന്തി എന്ന അമ്മയും അഞ്ചു മക്കളും അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന അറിയിപ്പുമായി വന്നിരുന്നത്. ഞായറാഴ്ച സന്ധ്യയോടെ എത്തിയ അവര്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ വലിച്ചുകെട്ടി അതിനുള്ളിലാണു പെരുമഴ പെയ്ത രാത്രി കഴിഞ്ഞുകൂടിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്നു നിലമ്പൂര്‍ സ്വദേശിനിയായ ശാന്തിയും മക്കളും ഒമ്പതു വര്‍ഷം മുമ്പാണു വരാപ്പുഴയിലെത്തിയത്. 25 വയസുള്ള മൂത്ത മകനും ഇളയ മകളും വ്യത്യസ്ത അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റു ചികിത്സ നടത്തിവരികയാണ്. രണ്ടാമത്തെ മകന്റെ രഞ്ജിത്തിനു വയറ്റിലുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ജോലി ചെയ്യാനാവാത്ത സ്ഥിതിയിലാണ്. പ്ലസ്ടു പൂര്‍ത്തിയാക്കിയ മറ്റൊരു മകന്റെ തുടര്‍പഠനം സാമ്പത്തിക ബുദ്ധിമുട്ടില്‍ മുടങ്ങി. ഇളയ മകന് പ്ലസ് വണ്‍ പ്രവേശനം നേടിയിട്ടുണ്ട്.
നേരത്തെ ഡ്രൈവിംഗ് സ്കൂളില്‍ ജോലി ചെയ്തുവന്ന ശാന്തിക്ക് ഇപ്പോള്‍ തൊഴിലൊന്നുമില്ല. മക്കളുടെ ചികിത്സയ്ക്കും മറ്റു ചെലവുകള്‍ക്കും പലരില്‍നിന്നായി 20 ലക്ഷത്തിലധികം രൂപ കടം വാങ്ങിയിട്ടുണ്ടെന്നു ശാന്തി പറയുന്നു. വീട്ടുവാടക നാലു മാസം കൊടുക്കാന്‍ സാധിക്കാതായതോടെ അമ്മയും മക്കളും ഞായറാഴ്ച വീടു വിട്ടിറങ്ങുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ മുളവുകാട് പോലീസ് സ്ഥലത്തെത്തി കുടുംബത്തെ റോഡരികില്‍നിന്നു സ്റ്റേഷനിലേക്കു മാറ്റി. വീട്ടു വാടക സന്നദ്ധ സംഘടന നല്‍കാമെന്നേറ്റതോടെ ശാന്തിയെയും കുടുംബത്തെയും വരാപ്പുഴയിലെ വാടക വീട്ടിലേക്കു തിരിച്ചയച്ചു. ആശുപത്രി ചെലവിന്റെ കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നു വി.ഡി. സതീശന് എംഎല്‍എ അറിയിച്ചിട്ടുണ്ട്.